Monday, November 3, 2014

Children's song

കുട്ടിപ്പാട്ട്


കട്ടുറുമ്പെ കട്ടുറുമ്പെ എങ്ങടുപോണു കട്ടുറുമ്പെ
മഴപെയ്ത്  ഞങ്ങളുടെ മാളമൊക്കെ പോയല്ലൊ
ഒന്നുറങ്ങാന്‍  ഒരു നല്ല മാളം തേടി പോകുന്നു
മാളത്തില്  താമസിക്കാന്‍ ആരൊക്കെ കൂട്ടുണ്ട്
റാണിയുണ്ട് വേലചെയ്യാന്‍  ത്രാണിയുള്ള കൂട്ടരുണ്ട്
   എന്തെല്ലാം വേലകള് നിന്‍ കൂട്ടര്‍  ചെയ്തീടും
   മണ്ണുനീക്കി മണ്ണുനീക്കി മാളമൊന്ന് തീര്‍ത്തീടും
   കിട്ടിടുന്ന ധാന്യമൊക്കെ ചുണ്ടിലേറ്റി കൊണ്ടുവരും
  കൊച്ചു കൊച്ചു പ്രാണികളെ കൊന്നുകൊന്ന് കൊണ്ടുവരും
മടിയന്മാര്‍ വേലചെയ്യാതലസരായി നിന്നിടുമ്പോള്‍
മടികൂടാതെന്‍ കൂട്ടര്‍  വേലയെല്ലാം ചെയ്തീടും
മടിയന്മാര്‍ മാളത്തില് ഉണ്ടുറങ്ങി കിടന്നനേരം
മടികൂടാതെന്‍ കൂട്ടര്‍ വേലയെല്ലാം ചെയ്തീടും
  കുട്ടികളെ നിങ്ങളാരും മടിയരായി തീരരുതെ
  ഉറുമ്പുകളാം ഞങ്ങളെപോല്‍ ഉത്സുകരായ് വേലചെയ്വിന്‍

  നന്മമാത്രം വന്നിടുവാന്‍ ഉത്സുകരായ് വേലചെയ്വിന്‍.

Thursday, October 23, 2014

Experiment

പരീക്ഷണം

ഇടനാഴിയില്‍ കുളമ്പടിയൊച്ച കനത്തുകനത്തു വരുന്നു
ഇരുട്ടില്‍ ഒന്നും വ്യക്തമല്ല,ഒന്നും
കാലത്തിന്‍റെ അതിരുകളില്ലാത്ത ഇടനാഴി
നടന്നു തളര്‍ന്ന ശരീരങ്ങളുടെ മൃദുലത
ഇതൊരു പരീക്ഷണമാണ്
രണ്ടു വാതകങ്ങള്‍ ചേര്‍ന്ന് ജലമാകുന്നപോലെ
ആവിയാകുന്ന ജലം മഴയായി പെയ്തൊഴിയുന്ന പോലെ.
കുളമ്പടിയൊച്ചയുടെ കണക്കെടുപ്പെന്ത്രം
ടിക്,ടിക് എന്നു ശബ്ദിക്കുന്നത് കേള്‍ക്കുന്നുണ്ട്
നിശബ്ദത പരവതാനി വിരിച്ച ഇടനാഴിയില്
സൂര്യപ്രകാശം കടന്നു വന്നെങ്കില്‍
എങ്കില്‍ ഏഴുനിറങ്ങളെ വേര്‍തിരിക്കാമായിരുന്നു .
ഉള്ളവെളിച്ചം കൊണ്ട് ആയിരം അത്ഭുതങ്ങള്‍
അസ്ഥി കാണുന്ന വെളിച്ചം
അസ്ഥി കരിക്കുന്ന വെളിച്ചം
ഇടനാഴിയില്‍ ഒരു ഭ്രാന്തന്‍ വികാരമില്ലാതെയിരിക്കുന്നു
ഇരുട്ടറിയാതെ, കാലദൈര്ഘ്യമറിയാതെ
അയാള്‍ മനുഷ്യന്‍റെയും എലിയുടേയും ഒരു സങ്കരവര്‍ഗ്ഗത്തിന്
ജന്മമേകാന്‍ തപസ്സുചെയ്യുകയാണ്
അയാളുടെ പരീക്ഷണ നാളിയില്‍ ഒരു ബീജവും അണ്ഡവും
അവ ഇണചേരുന്ന നിമിഷത്തിന്‍റെ ഊഷ്മാവറിയാന്‍
വായുവിന്‍റെ സമ്മര്‍ദ്ദമറിയാന്‍
ഇമപൂട്ടാതെ അയാള്‍......
ശാസ്ത്രം ഭ്രാന്തായി മാറുന്ന ഈ മുഹൂര്‍ത്തത്തില്‍
അസ്വസ്ഥ ചിന്തകള്‍ എന്നെ കുത്തി നോവിക്കുന്നു
ദൈവമേ,നീ പരീക്ഷണ വിധേയനാവാന്‍
സമയമായിരിക്കുന്നു, ഞാന്‍ നിനക്കായി പ്രാര്ത്ഥിക്കട്ടെ .